READING COLLECTION

1

അമ്മയുടെ സാരിയില്‍ തൂങ്ങുന്ന കുട്ടികള്‍
 
              അമ്മ അഞ്ചുവയസ്സുകാരി മോളേയും കൊണ്ട് പൂര്‍വ്വാഹ്ന സവാരിക്കിറങ്ങിയതാണ്. മോളുടെ ലോലമായ കരം അമ്മയുടെ കയ്യില്‍ ഭദ്രമായിട്ടുണ്ട്. മോള്‍ വീഴാതിരിക്കാന്‍ അമ്മ പിടിച്ചിരിക്കുകയാണ്. അമ്മയുടെ സുഹൃത്ത് എതിരെ വരുന്നു. '' അമ്മയും മോളും കൂടി നടക്കാനിറങ്ങിയതാണോ....? ''
          പിന്നെ മോളോടായി: 'മോളുടെ പേരെന്താ'....? മോള്‍ പെട്ടെന്ന് പെട്ടെന്ന് അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി പിറകോട്ട് വലിഞ്ഞു. അമ്മ പറഞ്ഞു. 'അവള്‍ വലിയ നാണക്കാരിയാണ്.' പിന്നെ അമ്മ തന്നെ മോളുടെ പേരും പറഞ്ഞുകൊടുത്തു. എല്ലാം അമ്മ തന്നെ ചെയ്താല്‍ മതി എന്ന ഭാവമാണ് മോളുടെ മുഖത്ത്. സ്വന്തമായി ഒരു കാര്യവും ചെയ്യാനുള്ള ആത്മ വിശ്വാസം ഇല്ലാതാകുകയാണ് ഈ ആശ്രയബോധം. കാല്‍ വഴുതി വീഴാതെ നടക്കാന്‍ പ്രായമായ കുട്ടിയെ തനിയെ നടക്കാന്‍ അനുവദിക്കുക. 
             അമ്മയുടെ കൈപിടിച്ച് നടന്നില്ലെങ്കിലും അപകടമൊന്നും കൂടാതെ നടക്കാന്‍ സാധിക്കും എന്ന ബോധം കുട്ടിയില്‍ വരട്ടെ. ഈ ബോധമാണ് സ്വാശ്രയ ബോധവും ആത്മ വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ കുട്ടിയെ സഹായിക്കുന്നത്. കുട്ടികളെ ശരിയായ വിധത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും അവരെ അച്ചടക്കമുള്ളവരാക്കി ത്തീര്‍ക്കുന്നതിനും കടപ്പെട്ട ഒരാള്‍ ദയ, ശ്രദ്ധ എന്നീ വാക്കുകളുടെ മാസ്മര ശക്തി തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം. 



2

ഗതി കെട്ടവന്റെ ദുര്‍ഗ്ഗതി
 
           ഒരാളുടെ കുതിര കളവ് പോയി. കുതിര നഷ്ടപ്പെട്ടതില്‍ ദു:ഖ വിഷണ്ണനായി ഇരിക്കുന്ന അദ്ദേഹത്തെ അയല്‍വാസികള്‍ പഴി ചാരാനും വിമര്‍ശിക്കാനുമാണ് സമയം കണ്ടെത്തിയത്. അവരില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെ...... ''നിന്റെ തൊഴുത്ത് സുരക്ഷിതമല്ലായിരുന്നു.'' രണ്ടാമന്‍ പറഞ്ഞു.... ''നീ ഏതെങ്കിലും പൊറുക്കപ്പെടാത്ത പാപം ചെയ്തിരിക്കും.'' മൂന്നാമന്റെ അഭിപ്രായം ഇങ്ങനെ.. ''നിന്റെ ഉത്തരവാദിത്വ ബോധം ഇല്ലായ്മയാണ് പ്രാനകാരണം.'' ഈ  മൂന്ന് അഭിപ്രായങ്ങളും അനുസരണയോടെ കേട്ടുനിന്ന അയാള്‍ വളരെ വൈഷമ്യത്തോടെ പറഞ്ഞു. എന്റെ കുതിര നഷ്ടപ്പെട്ടതിന്റെ വേദനയും, അതിലുണ്ടായ നഷ്ടവും, നിങ്ങളുടെ ഈ അപരാധവും ‌ഞാന്‍ സഹിക്കേണ്ടി വന്നു. എന്നാല്‍ നിങ്ങളിലൊരാളെങ്കിലും എന്റെ കുതിരയെ കട്ടവനെ ഒരു ചെറുവാക്ക് കൊണ്ടങ്കിലും അധിക്ഷേപിച്ചോ...!!?

ഗുണപാഠം:-  ഏതെങ്കിലും തരത്തിലുള്ള വല്ല ആപത്തും വന്നാല്‍.... അത് ആര്‍ക്കാണോ വന്നത് അവരെ വിഷമത്തിന്റെ മേല്‍ വിഷമം കെട്ടിവയ്ക്കരുത്. എല്ലാ കുറ്റങ്ങളും  ചുമത്തരുത്. വിഷമിക്കുന്നവന്റെ വിഷമം പോവാന്‍ സമാധാന വാക്കുകള്‍ പൊഴിക്കണം. പ്രതീക്ഷയുടെ നാമ്പുകള്‍ അവരുടെ ചിന്തയിലേക്ക് ഇട്ടുകൊടുക്കണം. 


3

സൂക്ഷിക്കുക. ശീലങ്ങളെ !
 
              ഒരു ഇടത്തരം കമ്പനിയിലേക്കു റിസപ്ഷനിസ്റ്റിനെ എടുക്കാനുള്ള ഇന്റര്‍വ്യു നടന്നു. ഉദ്യോഗാര്‍ത്ഥികളില്‍ ബഹു ഭൂരിപക്ഷവും ഉന്നതങ്ങളില്‍ നിന്നുള്ള ശുപാര്‍ശയും കൊണ്ടു വന്നിട്ടുണ്ട്. ഉച്ചയായപ്പോഴേക്കും ഇന്റര്‍വ്യു കഴിഞ്ഞു. പിറ്റേ ദിവസം തന്നെ തിരഞ്ഞെടുക്കപ്പെട്ടയാളുടെ വിവരവും പ്രസിദ്ധ പ്പെടുത്തി. ശുപാര്‍ശയുമായി വന്ന ഒരാള്‍പോലും പരിഗണി ക്കപ്പെട്ടില്ല. ''എന്തുകൊണ്ട് അവര്‍ തഴയപ്പെട്ടു..?'' മാനേജിംഗ് കമ്മിറ്റിയിലെ ഒരാള്‍ എം.ഡി.യോട് തിരക്കി. ''ശുപാര്‍ശ യുമായി വന്നത് അയോഗ്യതയായി പരിഗണിച്ചുവോ..'' മറ്റൊരു കമ്മറ്റി അംഗം ചോദിച്ചു. 
     അല്ല സര്‍...., 'ഇപ്പോള്‍ എടുത്തയാള്‍ക്കും ശുപാര്‍ശ യുണ്ടായിരുന്നു.' ആരുടെ ശുപാര്‍ശ..? മനസ്സിലായില്ല.! മാനേ ജ്മെന്റ് അംഗങ്ങള്‍ സംശയം ഉയര്‍ത്തി. എം.‍‍ഡി. വിശദീകരിച്ചു. ഉദ്യോഗാര്‍ത്ഥിയുടെ വേഷം, ലാളിത്യം, സംസാരത്തിലെ മിതത്വം, പുഞ്ചിരി, ശരീരഭാഷ, കാര്യങ്ങള്‍ തുറന്ന് പറയാനുള്ള കഴിവ് ഇത്രയുമായിരുന്നു എന്റെ മുന്നില്‍ വന്ന ശുപാര്‍ശ.  നമ്മുടെ കമ്പനിക്ക് അയാള്‍ ഉതകുമെന്ന് എനിക്ക് ഉറപ്പ്. ആര്‍ക്കും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. 
         ഗുണപാഠം: ഇതര വ്യക്തികളുമായി നാം ഇടപഴകുമ്പോള്‍ അറിയാതെ തന്നെ നാം നമ്മെ പരിചയപ്പെടുത്തുന്നുണ്ട്. കേള്‍ക്കുന്നവര്‍ നമ്മെ അളക്കുന്നു. അതിനാല്‍ ശീലങ്ങളെ സൂക്ഷിക്കുക, പരിഷ്കരിക്കുക. നമ്മളെക്കുറിച്ചുള്ള ക്ലൂവാണ് ശരീരഭാഷ. ശീലമാകുന്ന കൈത്തിരിവെളിച്ചത്തിലൂടെ നാം നമ്മെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തൂ..... 




No comments:

Post a Comment